03:58am 09 October 2026
NEWS
യൂറോപ്യൻ പാർലമെന്റിന് മുന്നിൽ ട്രംപിന്റെ നഗ്ന പ്രതിമ; ‘ഓറഞ്ച് പ്ലേഗ്’ എന്ന് പേര്
08/10/2026  07:44 PM IST
nila
യൂറോപ്യൻ പാർലമെന്റിന് മുന്നിൽ ട്രംപിന്റെ നഗ്ന പ്രതിമ; ‘ഓറഞ്ച് പ്ലേഗ്’ എന്ന് പേര്

 

സ്ട്രാസ്ബൂർ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നഗ്ന പ്രതിമ യൂറോപ്യൻ പാർലമെന്റിന് മുന്നിൽ സ്ഥാപിച്ചു. ഡാനിഷ് കലാകാരൻ ജെൻസ് ഗൽഷിയോ ഒരുക്കിയ എട്ടടി ഉയരമുള്ള ശിൽപമാണ് കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്തത്. ‘ദ ഓറഞ്ച് പ്ലേഗ്’ എന്നാണ് പ്രതിമയ്ക്ക് നൽകിയിരിക്കുന്ന പേര്. 23 കാരറ്റ് സ്വർണം പൂശിയാണ് ശിൽപം നിർമിച്ചിരിക്കുന്നത്. ഒരു കയ്യിൽ ഗോൾഫ് ക്ലബ്ബും മറുകയ്യിൽ തുലാസും പിടിച്ച നിലയിലാണ് ട്രംപിനെ പ്രതിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. പ്രതിമയ്ക്ക് താഴെയായി ലോകത്തിന്റെ ആകൃതിയിലുള്ള ഒരു പന്തും സ്ഥാപിച്ചിട്ടുണ്ട്. ഒരു ചെറിയ മനുഷ്യന്റെ തോളിലേറി നിൽക്കുന്ന രീതിയിലാണ് ട്രംപിന്റെ രൂപം ഒരുക്കിയിരിക്കുന്നത്. ‘അനീതിയുടെ രാജാവ്’ എന്ന പരിഹാസാത്മകമായ തലക്കെട്ടും ശിൽപത്തിന് നൽകിയിട്ടുണ്ട്.

‘ഞാൻ ഒരു മനുഷ്യന്റെ ചുമലിലാണ് ഇരിക്കുന്നത്. എന്റെ ഭാരം കാരണം അയാൾ വീഴാറായിരിക്കുകയാണ്. അയാളെ സഹായിക്കാൻ, അവന്റെ പുറത്തുനിന്ന് ഇറങ്ങുന്നതൊഴികെ ഞാൻ എന്തും ചെയ്യും’ എന്ന പരിഹാസവാചകവും പ്രതിമയ്ക്ക് താഴെ എഴുതിയിട്ടുണ്ട്.

രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളെ കലയിലൂടെ വിമർശിക്കുന്നതിൽ ശ്രദ്ധേയനായ കലാകാരനാണ് ജെൻസ് ഗൽഷിയോ. ട്രംപിന്റെ വിദേശനയങ്ങളോടും കാലാവസ്ഥാ നയങ്ങളോടുമുള്ള എതിർപ്പാണ് പുതിയ ശിൽപത്തിലൂടെ അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നത്. ലോകക്രമത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും കാലാവസ്ഥാ പ്രതിസന്ധി നേരിടുന്നതിനുള്ള ആഗോള കൂട്ടായ ശ്രമങ്ങൾക്കും ഏറ്റവും വലിയ ഭീഷണിയാണ് ഡോണൾഡ് ട്രംപെന്ന് ഗൽഷിയോ പ്രസ്താവനയിൽ ആരോപിച്ചു. യൂറോപ്യൻ പാർലമെന്റിലെ ഡാനിഷ് അംഗം പെർ ക്ലോസെനാണ് പ്രതിമ സ്പോൺസർ ചെയ്തിരിക്കുന്നത്. ശിൽപത്തെ വിമർശിക്കുന്നവരെയും ക്ലോസെൻ രൂക്ഷമായി പരിഹസിച്ചു. പ്രതിമ സഹിക്കാൻ കഴിയാത്തത്ര ‘തൊലിക്കട്ടി കുറഞ്ഞവരുണ്ടെങ്കിൽ’ അവരെ യൂറോപ്യൻ പാർലമെന്റിൽനിന്ന് പുറത്താക്കണമെന്നും ലോകവേദിയിൽ അവർക്ക് സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img